52 വർഷം പഴക്കമുള്ള ലാൻഡ് റോവർ സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി. കഴിഞ്ഞ ദിവസം ബിഗ് ബോയ് ടോയ്സിൽ നടന്ന ലേലത്തിലാണ് ധോണി വിന്റേജ് ലാൻഡ് റോവർ സിരീസ് 3 സ്വന്തമാക്കിയത്. 52 വർഷം പഴക്കമുള്ള വാഹനം പരിഷ്കരിച്ച് പുതിയ രൂപത്തിലാക്കിയാണ് ലേലത്തിന് വെച്ചത്. ക്ലാസിക് ഗ്യാരേജാണ് വാഹനത്തിന് ഇന്നു കാണുന്ന ലുക്ക് നൽകിയത്.
1974 മോഡൽ ലാൻഡ് റോവറാണിത്. വാഹനത്തിന്റെ പുനർനിർമ്മാണത്തിന് രണ്ട് വർഷത്തോളമെടുത്തു. ചേസിസിൽ നിന്നും വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും അഴിച്ചുമാറ്റി, തുരുമ്പെല്ലാം കളഞ്ഞ്, നശിച്ച ഭാഗങ്ങൾക്ക് പകരം പുതിയത് വെച്ചുപിടിപ്പിച്ചാണ് വാഹനം ഇന്ന് കാണുന്ന രൂപത്തിൽ പുനർനിർമ്മിച്ചത്. പഴയകാല എസ്യുവികളെ പോലെ, സീരീസ് 3യും ബോക്സി ആകൃതിയിലാണുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, റണ്ണിങ് ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുമുണ്ട്. ചതുരാകൃതിയിലുള്ളതാണ് വാഹനത്തിന്റെ ഗ്രിൽ. സ്റ്റീൽ ബമ്പറും ബോണറ്റിൽ സ്പെയർ ടയറും സ്ഥാപിച്ചിട്ടുണ്ട്.
2.25 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ധോണി സ്വന്തമാക്കിയത് സിരീസ് 3യുടെ സ്റ്റേഷൻ വാഗൺ പതിപ്പാണ്. 1971 മുതൽ 1985 വരെ സിരീസ് 3യുടെ ഏകദേശം 4,40,000 യൂണിറ്റുകൾ ലാൻഡ് റോവർ നിർമ്മിച്ചിട്ടുണ്ട്.
പോണ്ടിയാക് ഫയർബേർഡ് ട്രാൻസ്ആം, 1969 ഫോർഡ് മസ്താങ്ങ്, നിസ്സാൻ 1 ടൺ പിക്കപ്പ് ട്രക്ക് എന്നിവയാണ് ധോണിയുടെ വിന്റേജ് കാർ ശേഖരത്തിലെ മറ്റ് വാഹനങ്ങൾ. കൂടാതെ, കഴിഞ്ഞ വർഷം ഒരു റോൾസ് റോയ്സ് സിൽവർ റൈത്തും ധോണി സ്വന്തമാക്കിയിരുന്നു.
Comments