റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജ്ജന്റീനയ്‌ക്കും ബ്രസീലിനും ജയം. കൊളംബിയയെ 1-0നാണ് അർജ്ജന്റീന തോൽപ്പിച്ചത്. ലോറ്റാരോ മാർട്ടിനസാണ് ഏക ഗോൾ നീലപ്പടയ്‌ക്കായി വലയിലെത്തിച്ചത്. 29-ാം മിനിറ്റിലാണ് ഗോൾ വീണത്.
തകർപ്പൻ ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. എതിരില്ലാത്ത നാലുഗോളുകൾക്ക് പരാഗ്വയെയാണ് ബ്രസീൽ തുരത്തിയത്. കളിയുടെ ആദ്യപകുതിയിൽ റഫീന 28-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.ഫിലിപ്പേ കുടിന്യോ 62-ാം മിനിറ്റിലും ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ 86, 88 മിനിറ്റിലും മഞ്ഞപ്പട പരാഗ്വൻ വല രണ്ടുതവണ കുലുക്കി. ആന്റണി സാന്റോസും റോഡ്രിഗോയുമാണ് ഗോൾ പട്ടിക 4-0ലേക്ക് എത്തിച്ചത്.
കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെയാണ് ബ്രസീൽ തകർത്തത്. ചിലിയെ അർജ്ജന്റീ നയും തോൽപ്പിച്ചു. 15 കളികളിൽ 12 ജയങ്ങളും 3 സമനിലകളും നേടി 39 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതായി തുടരുന്നു. നിലവിൽ 15 മത്സരങ്ങളിൽ 10 ജയവും 5 സമനില കളുമടക്കം 35 പോയിന്റുകളുമായി അർജ്ജന്റീന രണ്ടാംസ്ഥാനത്താണ്.















