കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. ഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് വാവ സുരേഷിനെ മാറ്റി. ഓർമ ശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തതായി മെഡിക്കൽ കോളേജ് പുറത്തു ഇറക്കിയ വാർത്ത ബുള്ളറ്റിനിൽ വ്യക്തമാക്കി. അദ്ദേഹത്തിന് ആഹാരം നൽകി തുടങ്ങിയതായും, ആന്റി ബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ രാവിലെ അറിയിച്ചിരുന്നു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ടെന്നും അവയവങ്ങൾക്ക് കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും.
കഴിഞ്ഞ ദിവസം നീലംപേരൂരിൽ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു.
Comments