പാരീസ്: സംഘര്‍ഷം നിലനില്‍ക്കുന്ന യുക്രൈനില്‍ വരുംദിവസങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി നടന്ന അഞ്ചു മണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മാക്രോണ്‍.
യുക്രൈന് അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം കേന്ദ്രീകരിച്ചതിനുശേഷം പാശ്ചാത്യനേതാവുമായി തന്റെ ആദ്യമോസ്കോ ഉച്ചകോടിയില്‍ പുരോഗതിയുണ്ടെന്ന് പുട്ടിനും സൂചന നല്കി. അതെ സമയം ഏതെങ്കിലും തരത്തിലുളള ആക്രമണം റഷ്യ നിഷേധിച്ചു.
എന്നാല്‍ പ്രവിശ്യയില്‍ ഒരു സംഘര്‍ഷ സാധ്യത പാശ്ചാത്യശക്തികള്‍ തള്ളിക്കളയുന്നില്ല. യുക്രൈനിലെ സംഘര്‍ഷം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് മാക്രോണ്‍ പ്രതികരിച്ചു. ഫ്രാന്‍സ്-റഷ്യ ഒരുമിച്ചുള്ള ചില ചുവടുവയ്പുകളെ സംബന്ധിച്ച് ചര്‍ച്ചയില്‍ മാക്രോണിന്റെ നിര്‍ദ്ദേശമുണ്ടായതായി പുടിന് പറഞ്ഞു. അതെ സമയത്ത് ഏതെങ്കിലും സൈനിക നടപടികള്‍ റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്ന് എലിസി പാലസ് വക്താവ് പറഞ്ഞു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജര്‍മന്‍ ചാന്‍സലറുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ മോസ്കോ ഉക്രൈനില്‍ അധിനിവേശം നടത്തിയാല്‍ ജര്‍മനി വഴിയുള്ള ഗാസ് പൈപ്പ് ലൈന്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. യുക്രൈന് ആക്രമണം ലക്ഷ്യമിട്ട് 70ശതമാനം സൈനികരെ റഷ്യവിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കയിലെ ഉന്നതഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്.
തെക്ക്-കിഴക്കന്‍ യൂറോപ്പിന്റെ സംരക്ഷണത്തിനായി വ്യോമസേനയേയും നാവികസേനയേയും വിന്യസിക്കുമെന്ന് ബ്രിട്ടന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. പാശ്ചാത്യരാജ്യങ്ങള്‍ മിക്കതും മോസ്കോയുടെ പല ആവശ്യങ്ങളോടും മുഖം തിരിച്ചിട്ടുണ്ട്.
Comments