രാജ്യത്ത് ജനസംഖ്യ കുത്തനെ ഇടിയുന്നതിൽ ആശങ്കയിലാണ് ചൈന. ജനസംഖ്യ നിയന്ത്രിക്കാൻ മുൻപ് ചെയ്ത കാര്യങ്ങളൊക്കെ ബൂമറാങ് പോലെ ഇപ്പോൾ തിരിച്ചടിക്കുകയാണ്. ജനസംഖ്യ നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമിപ്പോൾ എങ്ങനെയെങ്കിലും രാജ്യത്തെ ആളുകളുടെ എണ്ണം എങ്ങനെയെങ്കിലും വർദ്ധിപ്പിക്കാനാണ് പെടാപ്പാട് പെടുന്നത്. അതിനായി പല പദ്ധതികളും ആവിഷ്ക്കരിക്കുകയാണ് ചൈനീസ് സർക്കാർ. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അവിവാഹിതരായ യുവാക്കളെ വിവാഹം കഴിപ്പിക്കാനുള്ള ജോലി സ്വയം ഏറ്റെടുത്തിരിക്കുകയാണ് ചൈനീസ് സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും എന്നാണ് ചൈനയിൽ നിന്നുള്ള പുതിയ വാർത്ത.
പങ്കാളികളെ ഇതുവരെ കണ്ടെത്താനാവാതെ ‘ബുദ്ധിമുട്ടിലായിരിക്കുന്ന’ അവിവാഹിതർക്കായി നിരവധി പരിപാടികളും സമ്മേളനങ്ങളുമാണ് പാർട്ടി തകൃതിയായി സംഘടിപ്പിക്കുന്നത്. ഇതിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ യൂത്ത് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ യുവാക്കൾക്ക് ‘ പ്രണയം’ കണ്ടെത്തിക്കൊടുക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചൈനയുടെ കിഴക്കൻ പ്രവശ്യയാ ഷാൻഡോങങ്ങിലെ ജിനാനിൽ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി അവിവാഹിതരാണ് പങ്കെടുത്തത്. സിറ്റി പാർക്കിൽ നടന്ന ഒരു ചടങ്ങിൽ അതിഥികളുടെ പ്രായം, തൊഴിൽ മേഖലകൾ, വരുമാനം എന്നിവ വിശദമാക്കുന്ന രേഖാമൂലമുള്ള പ്രൊഫൈലുകൾ മരങ്ങൾക്കിടയിൽ കെട്ടിയിട്ടു. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ഗെയിമുകളും സംഘടിപ്പിച്ചു.
അൻഹുയി പ്രവിശ്യയിൽ പ്രാദേശിക നേതാക്കൾ അല്പം മോഡേണായി ചിന്തിച്ചു. യുവാക്കളെ തമ്മിൽ ബന്ധിക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റിൽ ഒരു പരിപാടി ആരംഭിച്ചു. അതിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മറ്റുള്ളവരുടെ കുടുംബപ്പേര്, ഉയരം, കമ്പനി, വരുമാനം തുടങ്ങിയ വിവരങ്ങൾ കാണാൻ കഴിയും. അങ്ങനെ ഇഷ്ടപ്പെടുന്ന ആളുമായി ബന്ധം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രാദേശിക പാർട്ടി നേതാക്കൾ പറയുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിലെ വിവാഹങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (NBS) പ്രകാരം 2013 -ൽ 13.47 ദശലക്ഷം വിവാഹങ്ങൾ നടന്നപ്പോൾ, 2020 -ൽ 8.14 ദശലക്ഷം വിവാഹങ്ങൾ മാത്രമാണ് നടന്നത്. എൻബിഎസ് ഡാറ്റ പ്രകാരം, രാജ്യത്തെ ജനനനിരക്ക് കഴിഞ്ഞ വർഷം 1,000 പേർക്ക് 7.52 ആയി കുറഞ്ഞു. കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായ 1949 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഒറ്റകുട്ടി നയവും പെൺകുട്ടികളേക്കാൾ കൂടുതൽ ആൺമക്കളോട് ഉള്ള താൽപര്യവും പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ഇത് ലിംഗ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു.
Comments