കൊൽക്കത്ത: വെസ്റ്റിൻഡീസിനെ ടി20യിലും കീഴടക്കാൻ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. മത്സരം രാത്രി 7.30നാണ് കൊൽക്കത്തയിൽ നടക്കുന്നത്. മികച്ച യുവതാരങ്ങളെ പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന പോരാട്ടത്തിൽ ടി20യിലെ കരീബിയൻ കരുത്തിനെ രോഹിത് ശർമ്മ ഒട്ടും കുറച്ചുകാണുന്നില്ല. ടീമിൽ എന്നും മുതൽക്കൂട്ടാണ് വിരാട് കോഹ് ലിയെന്നും താരത്തിനെ സമ്മർദ്ദമായി കളിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്നും രോഹിത് മാദ്ധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
ഇഷാൻ കിഷനിന് ഓപ്പണിംഗിന് അവസരം ലഭിക്കുമെന്നാണ് സൂചന. മദ്ധ്യനിരയിൽ വിശ്വസ്തൻ സൂര്യകുമാർ യാദവ് തന്നെ. ഒപ്പം ശ്രേയസ് അയ്യർക്കും സ്ഥാനം ലഭിച്ചാൽ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തമാകും. ഉപനായകനെന്ന ചുമതല ഋഷഭ് പന്തിന് സമ്മർദ്ദമാകാതിരുന്നാൽ നല്ലൊരു ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിക്കാം. ദീപക് ചാഹറിന്റെ വരവ് ബാറ്റിംഗിന്റെ ആഴം കൂട്ടും.
മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുക. പരിക്കിൽ നിന്നും മോചിതനായ പേസർ ഭുവനേശ്വർ കുമാർ തിളങ്ങിയാൽ കരീബിയൻ നിര വെള്ളം കുടിക്കും. രവി ബിഷ്‌ണോയിക്ക് അരങ്ങേറാനുള്ള സാദ്ധ്യതയും ടീം തള്ളിക്കളയുന്നില്ല. ഒപ്പം ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവിനും സാദ്ധ്യതയുണ്ട്.















