ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം ആർ നാസർ തുടരും. കണിച്ചുകുളങ്ങരയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് നാസറിനെ വീണ്ടും തെരഞ്ഞെടുത്തത്. സംസ്ഥാന സമിതി അംഗമായ സജി ചെറിയാൻ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി.ഡി ലക്ഷ്മണൻ ,ബി രാജേന്ദ്രൻ,വിശ്വംഭരപണിക്കർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതുതായി ജില്ലാകമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയ ആറ് പേരും സജി ചെറിയാനെ അനുകൂലിക്കുന്നവരാണെന്നാണ് വിവരം.
ജില്ലയിൽ പാർട്ടിയ്‌ക്കുള്ളിൽ വിഭാഗീയത തുടരുന്ന സാഹചര്യത്തിൽ സജി ചെറിയാനെ അനുകൂലിക്കുന്ന ആറു പേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയയത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ വിഭാഗീയത രൂക്ഷമെന്നാണ് സി.പി.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചുവെന്നും ഹരിപ്പാടിലെ വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അണികൾക്ക് ഇടയിലും നേതാക്കൾക്ക് ഇടയിലും മാനസിക ഐക്യം തകർന്നത് പ്രകടമാണെന്നും റിപ്പോർട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള വ്യക്തമാക്കിയിരുന്നു.















