വാഷിംഗ്ടൺ: യുക്രെയ്‌ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 6.4 ബില്യൺ ഡോളർ സാമ്പത്തിക സഹായമാണ് അമേരിക്ക അനുവദിച്ചിരിക്കുന്നത്. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രെയ്‌ന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി അറിയിച്ചു. യുക്രെയ്‌നിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് അവരുടെ പരാമർശം.
യുക്രെയ്ൻ പൗരന്മാരെ സഹായിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പെലോസി വ്യക്തമാക്കി. അതേസയമം യുക്രെയ്‌നിലേക്ക് അമേരിക്ക സൈന്യത്തെ അയക്കില്ലെന്നാണ് പ്രസിഡന്റെ ജോ ബൈഡൻ അറിയിച്ചത്. യുദ്ധത്തിനില്ലെന്നും യുദ്ധം തെരഞ്ഞെടുത്ത വ്ളാഡിമിർ പുടിനും റഷ്യയും അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
റഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലേക്കുള്ള കയറ്റുമതിയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തി. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് ജി-7 രാജ്യങ്ങളും അംഗീകാരം നൽകിയിട്ടുണ്ട്.
Comments