എറണാകുളം : പൊന്നുരുന്നിയിൽ തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമം. ഇതിനായി റെയിൽവേ ട്രാക്കിലിട്ട കോൺക്രീറ്റ് കല്ല് കണ്ടെത്തി. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
കൊച്ചി റിഫൈനറിയിൽ നിന്നും ഇന്ധനം നിറച്ചുകൊണ്ടുള്ള ചരക്ക് തീവണ്ടി കടന്നു പോകുന്നതിനിടെയാണ് കല്ല് ശ്രദ്ധയിൽപ്പെട്ടത്. തീവണ്ടി കടന്നു പോകുന്നതിനിടെ ട്രാക്കിൽ നിന്നും കല്ല് തെറിച്ചു വീഴുകയായിരന്നു. ഇത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. കുറഞ്ഞ വേഗതയിലായിരുന്നു ചരക്ക് തീവണ്ടി ട്രാക്കിലൂടെ കടന്നു പോയത്. അതിനാൽ വൻദുരന്തം ആണ് ഒഴിവായത്.
ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 30 കിലോ ഭാരമുള്ള കോൺക്രീറ്റ് കല്ലാണ് ട്രാക്കിൽ നിന്നും കണ്ടെടുത്തത്. പോലീസ് സംഘത്തിനൊപ്പം എത്തിയ നായ പ്രദേശത്തുള്ള ഒഴിഞ്ഞ വീട്ടിലേക്ക് മണം പിടിച്ച് പോയിരുന്നു. ഇവിടെ ലഹരി ഉപയോഗിക്കുന്ന സംഘം സ്ഥിരം എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരാണ് കല്ലുകൊണ്ടിട്ടതെന്നാണ് സംശയം.
Comments