ന്യൂഡൽഹി : യുക്രെയ്‌നിലെ റഷ്യൻ ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നതിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം അതീവ ദു:ഖിതനാണെന്ന് അറിയിച്ചത്. യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങൾ പ്രസിഡന്റ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
മൂന്ന് ദിവസമായി തുടരുന്ന റഷ്യയുടെ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് യുക്രെയ്‌നിൽ ഉണ്ടായിട്ടുള്ളത്. കനത്ത ആൾ നാശവുമുണ്ട്. ഇതിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണം. സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി എന്തു ചെയ്യാനും ഇന്ത്യ ഒരുക്കമാണെന്നും പ്രധാനമന്ത്രി വ്‌ളാഡിമിർ സെലൻസ്‌കിയെ അറിയിച്ചു.
യുക്രെയ്‌നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തു നിന്നും ഒഴിപ്പിക്കുന്നതിൽ എല്ലാവിധ സഹായങ്ങളും യുക്രെയ്ൻ അധികൃതർ ഒരുക്കിത്തരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വൈകീട്ടോടെയാണ് യുക്രെയ്ൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ചത്. യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്‌ളാഡിമിർ സെലൻസ്‌കി പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചത്.
Comments