കീവ്: ചർച്ചയ്‌ക്ക് തയ്യാറെന്ന് യുക്രെയ്‌നെ അറിയിച്ച് റഷ്യ. ചർച്ചയ്‌ക്കായി റഷ്യൻ സംഘം ബെലറൂസിൽ എത്തി. യുക്രെയ്‌ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു. എന്നാൽ യുദ്ധം നടക്കുമ്പോൾ ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി നിലപാടെടുത്തു. ആക്രമണം നിർത്തിയാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്നും സെലൻസ്‌കി അറിയിച്ചു.
ബെലറൂസ് ചർച്ചയ്‌ക്ക് വേദിയാക്കാൻ സാധിക്കില്ലെന്നും യുക്രെയ്ൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ബെലറൂസ് വേദിയാക്കാൻ സാധിക്കില്ല. പകരം നാറ്റോ സഖ്യരാജ്യങ്ങളായ വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ വെച്ച് ചർച്ചയാകാമെന്ന് സെലൻസ്‌കി വ്യക്തമാക്കി.
റഷ്യയ്‌ക്കൊപ്പം നിലനിൽക്കുന്ന രാജ്യമാണ് ബെലറൂസ്. ആവശ്യമെങ്കിൽ ബെലറൂസ് സൈന്യം റഷ്യയ്‌ക്കൊപ്പം ചേരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെലാറൂസ് വേദിയാക്കുന്നതിനെതിരെ സെലൻസ്‌കി എത്തിയത്. ബെലാറൂസിൽ എത്തിയ റഷ്യൻ സംഘത്തിനൊപ്പം വ്‌ളാഡിമിർ പുടിന്റെ പ്രതിനിധികളും ഉണ്ടായിരുന്നു.
തീർച്ചയായും തങ്ങൾക്ക് സമാധാനം വേണമെന്ന് സെലൻസ്‌കി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും കനത്ത ആക്രമണമുണ്ടായി. സിവിലിയൻ മേഖലകൾ റഷ്യ ആക്രമിച്ചു. ആംബുലൻസുകൾക്ക് നേരെയും ആശുപത്രികൾക്ക് നേരെയും ആക്രമണമുണ്ടായതായും സെലൻസ്‌കി പറഞ്ഞു. അതേസമയം റഷ്യൻ സൈന്യം യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലും ശക്തമായ ആക്രമണം തുടങ്ങിയിട്ടുണ്ട്.
Comments