തിരുവനന്തപുരം: സംസ്ഥാനത്ത് മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഭൂമധ്യരേഖയോടുചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വേഗത്തിലുമുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മാർച്ച് ആറിന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്ക് തമിഴ്നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാകളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Comments