തിരുവനന്തപുരം: ലൈംഗികാതിക്രമത്തെ കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തക ബർഖാ ദത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ എന്ന കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖാ ദത്ത് സോഷ്യൽമീഡിയയിൽ കുറിച്ചു.
‘നടി ഭാവന നിശബ്ദത ഭേദിക്കുന്നു, ഒരു ലൈംഗികാതിക്രമം കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരം നേരിട്ടത് എങ്ങനെയെന്ന് അവർ പറയുന്നു’ ബർഖാ ദത്ത് പോസ്റ്റിൽ കുറിച്ചു. വി ദ വുമൻ ഏഷ്യയും ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാവനയുടെ വെളിപ്പെടുത്തൽ ഉണ്ടാവുക. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് താരം ഇതുവരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നില്ല.
വി ദ വുമൻ ഏഷ്യയുടെ ട്വിറ്റർ, ഫേസ്ബുക്ക്, അക്കൗണ്ട് വഴിയും ബർഖാ ദത്തിന്റെ മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനൽ വഴിയും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഐഎംഎഫ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആയിരുന്ന ഇന്ത്യൻ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഭാവനയ്ക്ക് പുറമെ കലാസാംസ്കാരിക കായിക വ്യാവസായിക രംഗത്ത് ചരിത്രം കുറിച്ച വനിതകളും ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കും.
Comments