കീവ്: രാജ്യം മുഴുവൻ യുദ്ധഭീതി പരക്കുമ്പോഴും, വെടിയൊച്ചകളും മിസൈൽ ആക്രമങ്ങണളും ഷെല്ലാക്രമണങ്ങളും നടക്കുമ്പോഴും യുക്രെയ്ൻ ജനതയുടെ ഉള്ളലിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. സമാധാനം നിറഞ്ഞ പഴയകാലത്തിലേക്ക് അധികം വൈകാതെ തന്നെ ഒരു തിരിച്ചുപോകാമെന്ന പ്രതീക്ഷ. നഷ്ടപ്പെടുന്നതിനെക്കാൾ വരാനിരിക്കുന്ന നല്ലതിനെ കുറിച്ച് ഓർത്തുള്ള പ്രതീക്ഷ… അതിനാലാകും പുറത്ത് യുദ്ധം രൂക്ഷമായി തുടരുമ്പോഴും മാതൃരാജ്യത്തിന് വേണ്ടി പോരാടാനിറങ്ങിയവർ യുദ്ധമുഖത്തുവെച്ച് തന്നെ വിവാഹിതരായത്… ലെസ്യയുടെ കൈ വലേരിയ മുറുകെ പിടിച്ചത്.
യുക്രെയ്ൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ലെസ്യയും വലേരിയയും പ്രണയത്തിലായിരുന്നു. യൂണിഫോമിലാണ് ഇരുവരും വിവാഹവേദിയിലേക്ക് എത്തിയത്. വിവാഹത്തിന് നിരവധി മാദ്ധ്യമപ്രവർത്തകരും സൈനികരും പങ്കെടുത്തു. വിവാഹത്തിന് ശേഷം സേനയിലെ ബാൻഡ് വിഭാഗം ഇരുവർക്കുമായി ഗാനം ആലപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇരുവരുടേയും വിവാഹം നടക്കുമ്പോൾ റഷ്യൻ പട്ടാളക്കാർ വിന്നിറ്റ്സിയ വിമാനത്താവളം ഷെല്ലാക്രമണത്തിൽ നശിപ്പിക്കുകയായിരുന്നുവെന്ന് യുക്രെയ്ൻ സൈന്യം പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപും സമാനമായ തരത്തിൽ മറ്റൊരു വിവാഹവും യുക്രെയ്നിൽ നടന്നിരുന്നു. ദമ്പതികളായ ക്ലെവെറ്റ്സും നതാലിയ വ്ളാഡിസ്ലേവും ഒഡെസയിലെ ബങ്കറുകൾക്കുള്ളിൽ വെച്ചാണ് വിവാഹിതരായത്. കീവിൽ യുക്രെയ്ൻ സൈനികർ കിടങ്ങുകൾ നിർമ്മിച്ചും റോഡുകളും പാലങ്ങളും അടച്ചും പ്രതിരോധം ശക്തമാക്കി മുന്നേറുകയാണ്. എല്ലാപ്രദേശത്തും റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമായി തുടരുകയാണ്.
Comments