തിരുവനന്തപുരം: സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സുധാകരൻ കെ പി സി സി യുടെ പ്രസിഡന്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്. ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി പി എം അധ:പതിച്ചിരിക്കുന്നു. കൊലപതകരാഷ്ടീയത്തിന്റെ വക്താക്കളാണു സി പി എം എന്ന് തെളിയിക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും ചെന്നിത്തല ആരോപിച്ചു.
ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലെന്നും, സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതമെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു സി.വി.വർഗീസിന്റെ പ്രകോപന പ്രസംഗം.
കഴിഞ്ഞ ദിവസം സുധാകരന്റെ നേതൃത്വത്തിൽ ഭരണകൂട ഭീകരതയ്ക്കെതിരായ യോഗം കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടി എന്ന തരത്തിലാണ് സിപിഎം മറ്റൊരു പരിപാടി സംഘടിപ്പിച്ചത്.
Comments