ഇംഫാൽ: മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. 32 സീറ്റുകളുമായി ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എൻപിപിയുമായി സഖ്യത്തിനില്ല ബിരേൻ സിംഗ് പറഞ്ഞു. ഏഴ് സീറ്റുകളിലാണ് എൻപിപി വിജയിച്ചത്.
സർക്കാരിനെ പിന്തുണയ്‌ക്കാൻ നാഗാ പീപ്പിൾസ് ഫ്രണ്ടും ഏതാനും സ്വതന്ത്രരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർക്ക് താൻ രാജി നൽകിക്കഴിഞ്ഞു. എന്നാൽ പുതിയ സർക്കാർ വരുന്നത് വരെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 19 വരെ ഈ നിയമസഭയ്‌ക്ക് കാലാവധിയുണ്ട്. അതുകൊണ്ടു തന്നെ സത്യപ്രതിജ്ഞയുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
60 എംഎൽഎമാരാണ് മണിപ്പൂർ നിയമസഭയിൽ ഉളളത്. കോൺഗ്രസിനും നാഗാ പീപ്പിൾസ് ഫ്രണ്ടിനും അഞ്ച് സീറ്റുകളും ജനതാദൾ യുണൈറ്റഡിന് ആറ് സീറ്റുകളും ഉണ്ട്. സ്വതന്ത്രർ മൂന്ന് സീറ്റുകളിൽ വിജയിച്ചപ്പോൾ കുകി സഖ്യം രണ്ട് സീറ്റുകളും നേടിയിരുന്നു. 37.8 ശതമാനം വോട്ടുവിഹിതത്തോടെയാണ് ബിജെപി ഭരണതുടർച്ച ഉറപ്പിച്ചത്.
Comments