മോസ്കോ : ‘യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധം കുറ്റകരമാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഈ ഭൂമി ചോരക്കളമാക്കരുത്.’ വിമാനത്തിൽ യാത്ര ചെയ്ത ജനങ്ങളോട് സംസാരിച്ച ഒരു റഷ്യൻ പൈലറ്റിന്റെ വാക്കുകളാണിത്. തുർക്കിയിലെ അന്റാലിയയിൽ ലാന്റ് ചെയ്ത വിമാനത്തിലാണ് സംഭവം നടന്നത്. യുക്രെയ്ൻ നയതന്ത്രജ്ഞൻ ഒലക്സാണ്ടർ സ്കെർബയാണ് ഈ വീഡിയോ പങ്കുവെച്ചത്.
ധീരനായ പൈലറ്റ് എന്നും വീഡിയോയ്ക്ക് താഴെ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. പൊബേഡയുമായി സഹകരിച്ച് യാത്ര ചെയ്തതിൽ യാത്രക്കാരോട് നന്ദി രേഖപ്പെടുത്തിയ പൈലറ്റ് തന്റെ വ്യക്തിപരമായ പരാമർശമാണ് ഇതെന്നും വിമാനക്കമ്പനിയുടെ പ്രതിനിധിയായിട്ടല്ല സംസാരിക്കുന്നത് എന്നും പറഞ്ഞാണ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത്. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധം കുറ്റമാണെന്ന് പൈലറ്റ് തുറന്ന് പറഞ്ഞു. യുദ്ധവുമായി മുന്നോട്ട് പോകാൻ പാടില്ല. അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇവിടെ ചോരപ്പുഴയൊഴുക്കരുത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന് പിന്നാലെ വിമാനത്തിലുള്ളയാത്രക്കാർ കൈയ്യടിക്കുന്നത് കേൾക്കാം.
33 സെക്കന്റുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. റഷ്യയ്ക്കെതിരെ തുറന്ന് സംസാരിക്കാൻ പൈലറ്റ് കാണിച്ച ധീരതയെ ആണ് ആളുകൾ പ്രശംസിക്കുന്നത്. റഷ്യയുടെ ക്രൂര നീക്കങ്ങളെ റഷ്യക്കാർ പോലും വെറുക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോയാണിതെന്ന് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു.
Comments