കൊച്ചി : കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വിദേശ വനിതകൾ. അബ്കാരി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ച ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. ഡാൻസ് പബ് എന്ന പേരിലാണ് ബാർ പ്രവർത്തിച്ചിരുന്നത്. വിദേശത്ത് നിന്നും വനിതകളെ ഇറക്കിയാണ് ഇവിടെ മദ്യം വിതരണം ചെയ്തത് എന്ന് പരിശോധനയിൽ കണ്ടെത്തി.
കൊച്ചി ഷിപ്യാർഡിനടുത്താണ് ഹാർബർ വ്യൂ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് ഫ്ലൈ ഹൈ എന്ന പേരിൽ ഇവർ നവീകരിച്ച് പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണം. സിനിമാ മേഖലയിലെ നിരവധിയാളുകൾ അതിഥികളായി എത്തിയിരുന്നു. ഈ ഡാൻസ് ബാറിലാണ് മദ്യവിതരണത്തിന് വിദേശത്ത് നിന്നടക്കം വനിതകളെ എത്തിച്ചത്.
ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥർ ബാറിൽ പരിശോധന നടത്തിയത്. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്ന കണ്ടെത്തലോടെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments