മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയതായി റഷ്യ അറിയിച്ചു.
അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ എന്നിവരും വിലക്കേർപ്പെടുത്തിയവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. റഷ്യൻ ഉദ്യോഗസ്ഥർക്കും ഉത്പന്നങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടിയ്ക്ക് പകരമാണ് വിലക്ക് ഏർപ്പെടുത്തിയത്.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ അന്താരാഷ്ട്ര തലത്തിൽ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസും യുകെയും ഉൾപ്പെടെയുളള രാജ്യങ്ങൾ നീക്കം തുടങ്ങിയിരുന്നു. റഷ്യൻ വിമാനങ്ങൾക്ക് പോലും ഈ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റിൽ നിന്നും യൂറോപ്യൻ യൂണിയൻ ഒഴിവാക്കുകയും ചെയ്തു.
യുക്രെയ്നിൽ ഇപ്പോഴും റഷ്യയുടെ ആക്രമണം തുടരുകയാണ്. റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷമായതോടെ കീവിൽ 35 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ട് മണി മുതൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിവെയായിരിക്കും കർഫ്യൂ എന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ഷെൽറ്ററുകളിലേക്കും ബങ്കറുകളിലേക്കും പോകുന്നതൊഴിച്ച് മറ്റെല്ലാ യാത്രകളും തടഞ്ഞിട്ടുണ്ട്.
അതേസമയം ഫെബ്രുവരി 24ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ ദശലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും നാടും വിട്ടൊഴിഞ്ഞ് അഭയാർത്ഥികളായി മാറുന്നത്. ഇതുസംബന്ധിച്ച കണക്ക് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരുന്നു. യുക്രെയ്ൻ സംഘർഷാവസ്ഥയിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി വീതം യുക്രെയ്നിൽ അഭയാർത്ഥിയായി മാറുന്നുവെന്നാണ് യുഎൻ വക്താവ് പറഞ്ഞത്.
Comments