പത്തനംതിട്ട : ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിനെതിരെ പത്തനംതിട്ട ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. യുവജന സംഘടനയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിറയെ റഹീമിനെ കുറിച്ചുള്ള പോസ്റ്റുകൾ മാത്രമാണ് വരുന്നത് എന്നാണ് സമ്മേളനത്തിൽ പ്രതിനിധികൾ ആരോപിച്ചത്. ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സംഘടനയുടെ ഔദ്യോഗിക പേജുകളിലാണ് റഹീമിനെപ്പറ്റി നിരന്തരം പോസ്റ്ററുകൾ പൊന്തിവരുന്നത്. എന്തിനാണ് ഇത്രയധികം പബ്ലിസിറ്റി എന്നാണ് നേതാക്കൾ ചോദിച്ചത്.
പോലീസിന്റെ പ്രവർത്തനത്തിലും സമ്മേളനം അതൃപ്തി അറിയിച്ചു. പോലീസ് സ്റ്റേഷനുകൾ ആർഎസ്എസിന്റെ ശാഖയാണെന്നാണ് ആരോപണം. സംഘടനയുടെ പ്രവർത്തനങ്ങളിൽ പലയിടത്തും ദൗർബല്യമുണ്ടെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു.
രണ്ട് ദിവസമായി നടക്കുന്ന ജില്ലാ സമ്മേളനം ഇന്നാണ് സമാപിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ 27 മുതൽ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിനും വേദിയാകുന്നത് പത്തനംതിട്ടയാണ്. ഇതിനിടയിലാണ് ജില്ലാ സമ്മേളനത്തിൽ അഖിലേന്ത്യാ അദ്ധ്യക്ഷൻ എഎ റഹീമിനെതിരെ വിമർശനം ഉയർന്നത്. കഴിഞ്ഞ ദിവസം റഹീമിന് രാജ്യസഭാ സീറ്റിലേക്കും സിപിഎം നോമിനേറ്റ് ചെയ്തിരുന്നു.
Comments