ഇംഫാൽ: മണിപ്പൂരിനെ അഴിമതിരഹിത സംസ്ഥാനമാക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ആദ്യ നടപടിയെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മൂന്നിന കർമ്മ പദ്ധതികളാണ് സർക്കാർ ആദ്യം നടപ്പിലാക്കുകയെന്ന് ബിരേൻ സിംഗ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
സംസ്ഥാനത്ത് നിന്ന് അഴിമതി തുടച്ചുനീക്കാൻ താൻ രാവും പകലും പ്രവർത്തിക്കുമെന്ന് ബിരേൻ സിംഗ് പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും ഇല്ലാതാക്കുകയാണ് രണ്ടാം ഘട്ടം. മൂന്നാമതായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിമതരെയും ഒരുമിച്ച് കൊണ്ടുവരുമെന്നും ചർച്ചകൾ നടത്തുമെന്നും ബിരേൻ സിംഗ് വ്യക്തമാക്കി.
രാജ്ഭവനിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ലാ ഗണേശനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. സ്പീക്കർ ടി. ബിശ്വജിത്ത് സിംഗ്, വൈ ഖേംചന്ദ്, കെ. ഗോവിന്ദ ദാസ്, നെംച കിപ്ഗൻ എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയത്.
Comments