തിരുവനന്തപുരം : വനിതാ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച നടൻ വിനായകനെ രൂക്ഷമായി വിമർശിച്ച് മലയാള നിരൂപക ഡോ.എസ് ശാരദക്കുട്ടി. വിനായകൻ മഹാ അപമാനമാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു നടനെതിരെ രൂക്ഷ വിമർശനവുമായി ശാരദക്കുട്ടി രംഗത്ത് വന്നത്.
മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷന് ഇടയിലാണ് വിനായകൻ സ്വന്തം വിവരക്കേടും, അഹന്തയും, ഹുങ്കും, എന്നുവേണ്ട സകല വൃത്തികേടുകളും വലിച്ച് പുറത്ത് ഇട്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി പറഞ്ഞു. വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് കുളിക്കുക. ചുറ്റും നാറ്റമാണ്. മഹാകഷ്ടം. നാണക്കേട്. കലാകാരനാണത്രേയെന്നും ശാരദക്കുട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
പുതിയ നവ്യാ നായർ ചിത്രം ഒരുത്തിയുടെ പ്രമോഷന്റെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു വിനായകൻ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ചത്. മീടു ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട് ആയിരുന്നു നടന്റെ പ്രതികരണം.ആരെങ്കിലുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ ഇനിയും ചോദിക്കുമെന്നായിരുന്നു വിനായകൻ പറഞ്ഞത്.
Comments