മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് പൗരസമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ. ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ തന്നെ ബോർഡ് കീറിയെറിഞ്ഞത്. ഇതിന്റെ ഫോട്ടോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മമ്പാട് എംഇഎസ് കോളേജിന് പുറമെ ഫറോക്ക് കോളേജിലും ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
കീറിയെറിഞ്ഞ ശേഷം ഫോട്ടോയ്‌ക്ക് വിദ്യാർത്ഥികൾ നൽകിയ ക്യാപ്ഷനും സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘മമ്പാട്ടെ പൗര സമിതിക്കാരുടെ ശ്രദ്ധയ്‌ക്ക്, സാധനം കീറി റോഡിലിട്ടിട്ടുണ്ട്. ഫ്രെയിം വേണേൽ കൊണ്ട് പോയി വിറക് ആക്കിക്കോളൂ.’ എന്ന ക്യാപ്ഷനോടെയാണ് ഫ്‌ലക്‌സ് കീറിയെറിഞ്ഞ ചിത്രം പ്രചരിക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ പോലീസിനെ ഏൽപ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ് ഫ്ളെക്സിൽ എഴുതിയിരിന്നത്.
കഴിഞ്ഞ ദിവസമാണ് കോളേജ് പരിസരത്ത് ഫ്‌ലക്‌സ്് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഫാറുഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോളേജ് ഗേറ്റിന് മുന്നിലായി മൂന്ന് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ കോളേജ്, സ്‌കൂൾ സമയം കഴിഞ്ഞതിന് ശേഷവും അവിടെ തമ്പടിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. ചിലർ ലഹരി പദാർത്ഥങ്ങൾ ഉപയോഗം നടത്തുന്നതായും സദാചാര മര്യാദയില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും പെരുമാറുകയും, തമ്മിൽ പരസ്പരം അക്രമത്തിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആയതിനാൽ വ്യക്തമായ കാരണങ്ങളില്ലാതെ 5 മണിക്ക് ശേഷം കോളേജ് പരിസരത്ത് കുട്ടികളെ കാണാൻ ഇടയായാൽ നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുന്നതും രക്ഷിതാക്കളെ വിളിച്ച് ഏൽപ്പിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല. വളർന്നു വരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ് എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ഫ്‌ള്ക്‌സ് ബോർഡിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. സംഭവത്തിൽ ഫറോക്ക് പോലീസിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.















