ഇന്ത്യൻ നിരത്തുകൾക്കായി ഏറ്റവും പുതിയ ടൈഗർ സ്‌പോർട്ട് 660 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ. 8.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ആഗോള വിപണയിൽ വാഹനം ഇതിനോടകം അവതരിപ്പിച്ചെങ്കിലും 660 യുടെ ഇന്ത്യൻ പ്രവേശനം വൈകിയിരുന്നു. 2021 ഒക്ടോബറിലാണ് വാഹനം ആഗോളതലത്തിൽ അവതരിപ്പിച്ചത്. ശേഷം ഇതിനുള്ള പ്രീ ബുക്കിംഗ് 2021 ഡിസംബറിൽ ഇന്ത്യയിൽ ആരംഭിച്ചിരുന്നു.
ലൂസെർൺ ബ്ലൂ ആൻഡ് സഫയർ ബ്ലാക്ക്, കൊറോസി റെഡ് ആൻഡ് ഗ്രാഫൈറ്റ്, ബ്ലാക്ക് വിത്ത് ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിലാണ് നിർമ്മാതാക്കൾ ടൈഗർ സ്‌പോർട്ട് 660 അവതരിപ്പിച്ചിരിക്കുന്നത്. സിംഗിൾ പീസ് സീറ്റ്, സ്റ്റബി എക്സ്ഹോസ്റ്റ്, ബ്ലൂടൂത്ത് കണക്റ്റഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റോഡ്-റെയിൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഓപ്ഷണൽ ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ എന്നിവ ടൈഗർ സ്‌പോർട്ട് 660യുടെ ചില സവിശേഷതകളാണ്.
660 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-3 സിലിണ്ടർ എഞ്ചിനാണ് പുതിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660യ്‌ക്ക് കരുത്ത് പകരുന്നത്. വാഹനത്തിന് 10,250 ആർപിഎമ്മിൽ 80 എച്ച്പി പവറും, 6,250 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. പുതിയ കവാസാക്കി വെർസിസ് 650, സുസുക്കി വി-സ്‌ട്രോം 650 എക്‌സ്ടി എന്നിവയാണ് ടൈഗർ സ്‌പോർട്ട് 650യുടെ പ്രധാന എതിരാളികൾ.















