ആലപ്പുഴ: സിപിഎം പാർട്ടി കോൺഗ്രസിനില്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ. വിവരമറിയിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ നിലപാട് അറിയിച്ചത്. ഇതോടെ പകരം പ്രതിനിധിയെ ഉൾപ്പെടുത്തി.
കണ്ണൂരിൽ നടക്കുന്ന 23-ാമത് സിപിഎം പാർട്ടി കോൺഗ്രസിനാണ് സുധാകരൻ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. എത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം എ. മഹേന്ദ്രന്റെ പേരും സുധാകരൻ തനിക്ക് പകരമായി നിർദേശിച്ചു.
കേരളത്തിലെ തന്നെ മുതിർന്ന സിപിഎം നേതാക്കളിലൊരാളായ ജി. സുധാകരൻ നേരത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രായപരിധി നിശ്ചയിച്ച് സിപിഎം രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ 75 വയസിന് മുകളിലുള്ള എല്ലാ നേതാക്കളും സമിതിയിൽ നിന്ന് ഒഴിവായി.















