ന്യൂഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും രാജ്യത്ത് പ്രവർത്തന രഹിതമായി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ആപ്പുകൾ നിശ്ചലമായതായി ഇരു കമ്പനികളും സ്ഥിരീകരിച്ചു. പ്രശ്‌നം പൂർണമായും പരിഹരിച്ച് ആപ്പുകൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.
ഇന്ന് രാവിലെയോടെയാണ് സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പലർക്കും സെർവർ ഡൗണായതായി മനസിലായത്. ഇതോടെ നിരവധി പേർ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ആമസോൺ വെബ് സേവനങ്ങൾ ഉണ്ടാക്കിയ തകരാറാണ് രണ്ട് ആപ്പുകളും തകരാറിലാവാൻ കാരണമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മാന്യതയില്ലാത്ത ബിസിനസ് രീതികൾ പിന്തുടരുന്നുവെന്ന് ആരോപിച്ച് ഇരു കമ്പനികൾക്കെതിരേയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സ്വിഗ്ഗിയും സൊമാറ്റോയും ചില വ്യാപാര സാമ്പത്തിക താൽപര്യങ്ങളുടെ പേരിൽ ചില ബ്രാൻഡുകൾക്ക് അനുകൂലമായ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ചില മാറ്റങ്ങൾ വരുത്തുന്നുവെന്നായിരുന്നു ആരോപണം. ഇതിലൂടെ ചെറിയ ഭക്ഷണ ശാലകൾക്കും മറ്റും ഫുഡ് ഡെലിവറി രംഗത്ത് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നായിരുന്നു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്.















