ന്യൂഡൽഹി: വീൽ റിമ്മിന്റെ വലുപ്പം തെറ്റായി അടയാളപ്പെടുത്തിയത് പരിഹരിക്കാൻ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) ഇക്കോ വാനിന്റെ 19,731 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു.
2021 ജൂലൈ 19 നും 2021 ഒക്ടോബർ അഞ്ചിനും ഇടയിൽ നിർമ്മിച്ച ഇക്കോയുടെ ചില യൂണിറ്റുകളിൽ വീൽ റിം വലുപ്പം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പരിശോധനയിൽ തിരിച്ചറിഞ്ഞതോടെയാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.
ഈ വാഹനങ്ങളിൽ ചക്രത്തിൽ വീൽ റിം സൈസ് തെറ്റായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് തിരുത്തുന്നതിനാണ് തിരിച്ചുവിളിക്കുന്നത്. എന്നാൽ പ്രകടനത്തിലോ, സുരക്ഷയിലോ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് നിർമാതാക്കൾ പറഞ്ഞു.
വീൽ റിം സൈസ് മാർക്കിംഗ് തെറ്റാണെന്ന് കണ്ടെത്തിയാൽ വാഹന പരിശോധനയ്‌ക്കും ആവശ്യമായ തിരുത്തലുകൾക്കുമായി മാരുതി സുസുക്കി അംഗീകൃത വർക്ക്‌ഷോപ്പുകളിൽ വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിച്ച് വാഹനത്തിന്റെ ഷാസി നമ്പർ പൂരിപ്പിക്കാനും തങ്ങളുടെ വാഹനത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും പ്രത്യേകശ്രദ്ധ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനും കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.















