ശ്രീനഗർ: നെറ്റിയിൽ തിലകക്കുറി അണിഞ്ഞതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് സർക്കാർ സ്കൂളിലെ അദ്ധ്യാപകനായ നിസാർ അഹമ്മദിനെ ഇയാളുടെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ അദ്ധ്യാപകനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. രജൗരി സ്വദേശിയായ നിസാർ അഹമ്മദിനെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്.
തിലകക്കുറി അണിഞ്ഞു വന്നതിന്റെ പേരിൽ വിദ്യാർത്ഥിനികളെ മർദ്ദിച്ചതോടെ പരാതിയുമായി കുടുംബം രംഗത്ത് വരികയും സംഭവം വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ധ്യാപകൻ സസ്പെൻഷൻ നടപടി നേരിട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡെപ്യൂട്ടി കമ്മീഷണർ നിർദ്ദേശിച്ചു.
നവരാത്രി ദിനത്തിലായിരുന്നു കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. നവരാത്രിയുടെ ഭാഗമായി നെറ്റിയിൽ തിലകക്കുറി ധരിച്ചത് കണ്ട നിസാർ അഹമ്മദ് പെട്ടെന്ന് പ്രകോപിതനായി കുട്ടിയെ വിദ്യാർത്ഥികൾക്ക് മുൻപിലിട്ട് മർദ്ദിക്കുകയായിരുന്നു.
Comments