നിങ്ങൾ സിബിഐ എന്ന് കേട്ട് തുടങ്ങിയത് എന്നുമുതലാണ് ? കുറ്റാന്വേഷണത്തിനായി കേന്ദ്രസർക്കാരിനു കീഴിൽ ഇങ്ങനെ ഒരു ഏജൻസി മലയാളികളിൽ കുറേ പേരെങ്കിലും മനസ്സിലാക്കിയത് ഈ സിനിമ റിലീസായതോടെ ആയിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്. കെ.മധു -എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമ കുറ്റാന്വേഷണത്തിന്റെ പുതിയ തലങ്ങൾ മലയാളികൾക്ക് മുന്നിൽ തുറന്നു തന്നു.. സിബിഐ ഓഫീസർ സേതുരാമയ്യരായി മമ്മൂട്ടി പകർന്നാടിയതോടെ ചിത്രം ഹിറ്റ് ചാർട്ടിലും മലയാളിയുടെ മനസ്സിലും ഇടം പിടിച്ചു. തുടർന്ന് ഈ ശ്രേണിയിൽ മൂന്ന് ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. ഇപ്പോഴിതാ സേതുരാമയ്യർ – വീണ്ടുമെത്താനൊരുങ്ങുകയാണ്..
നാലാം സീരീസിറങ്ങി 17 വർഷങ്ങൾക്കിപ്പുറം സേതുരാമയ്യരായി മെഗാസ്റ്റാർ മമ്മുട്ടി തന്നെ എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും കൂടുകയാണ്. സിനിമയുടെ ട്രെയിലറിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ഭാവത്തിലും വേഷത്തിലും ഒരു മാറ്റവുമില്ലാതെയാണ് മമ്മുട്ടി സിബിഐ സേതുരാമയ്യരെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്.
കെ മധുവിന്റേയും എസ്എൻ സ്വാമിയുടേയും കൂട്ടുകെട്ടിൽ സേതുരാമയ്യർ വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 34 വർഷങ്ങൾക്ക് മുൻപാണ്. ഒരു സിബിഐ ഡയറിക്കുറുപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ, ഇപ്പോഴിതാ സിബിഐ 5 ദ മാസ്റ്റർ ബ്രെയിൻ. 1988 ഫെബ്രുവരി 18നാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആവുന്നത്. ചിത്രം ബോക്‌സോഫീസിൽ തരംഗമായിരുന്നു. മമ്മൂട്ടിയ്‌ക്ക് പുറമെ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മലയാളത്തിൽ അന്നോളം ഇറങ്ങിയിരുന്ന കുറ്റാന്വേഷണ ക്രൈംത്രില്ലർ സിനിമകളുടെ ആഖ്യാന ശൈലി തന്നെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു.
യഥാർത്ഥ സംഭവത്തെ കുറിച്ചാണ് സിനിമ പറയുന്നത്. പോളക്കുളം സോമൻ വധക്കേസ് ആണ് ചിത്രത്തിലെ പ്രമേയം. ‘ഡമ്മി ടു ഡമ്മി’ എന്ന പ്രശസ്തമായ സീൻ മുതൽ പലതും എറണാകുളത്തെ പോളക്കുളം കേസ് അന്വേഷണത്തിൽ നിന്നും എടുത്തതാണ്. ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിക്കുന്നതും ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിക്കുന്നതുമാണ് ഈ കേസിലുള്ളത്. രാധാവിനോദ് രാജു എന്ന യഥാർത്ഥ സിബിഐ ഓഫീസറെയാണ് ചിത്രത്തിൽ മമ്മൂട്ടി അനുകരിച്ചത്. ജമ്മു കശ്മീർ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ രാധാവിനോദ് രാജു.
ഒരു സിബിഐ ഡയറിക്കുറിപ്പ് ബോക്സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്സോഫീസ് ഹിറ്റായി മാറി. മമ്മൂട്ടിയ്‌ക്കും ജഗതിയ്‌ക്കും മുകേഷിനും പുറമെ പാർവ്വതിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പാർവ്വതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ച കേസ് കൊലപാതകമാണെന്ന് സിബിഐ തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
സിബിഐ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് സേതുരാമയ്യർ സിബിഐ. ജാഗ്രത ഇറങ്ങി നീണ്ട ഇളവേളയ്‌ക്ക് ശേഷം 2004ലാണ് സേതുരാമയ്യർ സിബിഐ വരുന്നത്. സേതുരാമ അയ്യർ വധശിക്ഷയ്‌ക്കായി കാത്തിരിക്കുന്ന സീരിയൽ കില്ലർ ഐസോ അലക്സിനെ സന്ദർശിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത് . രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ ഏഴ് പേരെ കൊലപ്പെടുത്തിയതിന് അലക്സിനെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. ഈ ഏഴ് കൊലകളിൽ ഒരെണ്ണം ചെയ്യുന്നത് അലെക്‌സ് വെളിപ്പെടുത്തുന്നതും അത് തെളിയിക്കുന്നതുമാണ് ചിത്രത്തിൽ പറയുന്നത്.
2005ൽ തന്നെ നാലാം പതിപ്പും എത്തി. നേരറിയാൻ സിബിഐ, ഒരു വീട്ടിലെ കൊലപാതകം അന്വേഷിക്കാനെത്തുന്ന സേതുരാമയ്യറെ ആണ് ചിത്രത്തിൽ കാണാനാകുന്നത്. സംവൃത സുനിലാണ് ഇതിൽ കൊല്ലപ്പെടുന്നത്. ബംഗ്ലാവിലെ ഒരു മുറിയിൽ പ്രേതബാധ ഉണ്ടെന്ന് പറയപ്പെടുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. കുടുംബാംഗം തന്നെയാണ് ഈ കൊലയ്‌ക്ക് പിന്നിലെന്ന് സേതുരാമയ്യർ കണ്ടെത്തുന്നതാണ് സിനിമ പറയുന്നത്.
17 വർഷങ്ങൾക്ക് ശേഷം സിബിഐ അഞ്ചാം ഭാഗം വരികയാണ്. സിബിഐ 5 ദ മാസ്റ്റർ ബ്രെയിൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എല്ലാ സീരീസിലും ഉള്ളതുപോലെ ജഗതിയായി വിക്രം തന്നെ എത്തുമെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സിബിഐയുടെ എല്ലാ സീരീസും കേരളം ചർച്ച ചെയ്തിരുന്നു. കാരണം കേരളത്തിൽ ചർച്ചയായിട്ടുള്ള പല കുറ്റാന്വേഷണ സംഭവങ്ങളും സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തും ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അഞ്ചാം വരവിൽ എന്താണ് സേതുരാമയ്യർക്ക് പറയാനുള്ളതെന്ന ആകാംഷയിലാണ് പ്രേക്ഷകർ.
Comments