തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.
തെക്കൻ തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ കേരളത്തിൽ വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ മഴയോടൊപ്പം സംഭവിക്കുന്ന ഇടിമിന്നലും ശക്തമായ കാറ്റും അപകടകാരികളാണ്. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments