ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആഡംബര വാഹനങ്ങളിൽ ഒന്നാണ് മെഴ്സിഡസ് ബെൻസിന്റെ സി-ക്ലാസ്. ഇപ്പോഴിതാ ഇന്റീരിയർ, എക്സ്റ്റീരിയർ അപ്ഡേറ്റുകളുമായി പുതിയ സി-ക്ലാസിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് മെഴ്സിഡസ് ബെൻസ്. സി-ക്ലാസിന്റെ പുതിയ പതിപ്പിന്റെ ഉത്പാദനം ആരംഭിച്ചതായി മെഴ്സിഡസ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യ യൂണിറ്റ് പൂനെയിലെ ചക്കാൻ പ്ലാന്റിൽ നിന്നും പുറത്തിറക്കി. മെയ് 10നാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കുക.
സി 200, സി 200ഡി, ടോപ്പ്-എൻസ് 300ഡി എന്നീ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ബേബി എസ് എന്നാണ് വാഹനത്തിനെ വിളിക്കുന്നത്. 2001ൽ പുറത്തിറക്കിയ വാഹനം, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആഡംബര കാറുകളിലൊന്നാണ്. ഇതുവരെ 37,000 സി-ക്ലാസുകളാണ് മെഴ്സിഡസ് ഇന്ത്യയിൽ വിറ്റഴിച്ചത്. പുതിയ എ-ക്ലാസ്, ഇ-ക്ലാസ് എന്നിവയ്ക്ക് സമാനമായ ഡിസൈൻ അപ്ഡേറ്റുകൾ പുതിയ സി-ക്ലാസിൽ ലഭ്യമാണ്. എസ്-ക്ലാസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സി-ക്ലാസിന്റെ ഇന്റീരിയർ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
പുതിയ ഡിസ്പ്ലേ സ്ക്രീൻ, പുനർരൂപകൽപ്പന ചെയ്ത എയർ വെന്റുകൾ, പുനർനിർമ്മിച്ച ഡാഷ്ബോർഡ് ലേഔട്ട്, ചുറ്റും മികച്ച കുഷ്യൻ സീറ്റുകൾ, പുറത്ത് സ്ലീക്കർ ഹെഡ് ലൈറ്റ് യൂണിറ്റുകൾ, പുതിയ അലോയ് ഡിസൈൻ എന്നിവയും പുതിയ മോഡലിൽ ഉണ്ടായേക്കും. ഒപ്റ്റിക് ഫൈബർ സാങ്കേതികവിദ്യയുള്ള സി-ക്ലാസിൽ ആംബിയന്റ് ലൈറ്റിംഗ്, കൂടാതെ സ്റ്റിയറിംഗ് വീൽ മൗണ്ട് ടച്ച് പാഡുകൾ എന്നിവയും ലഭ്യമായേക്കും.
Comments