കൊച്ചി: ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ അമ്മ.വിജയ് ബാബുവിനെ അടുത്ത ദിവസം ‘അമ്മ’ ഭാരവാഹിത്വത്തിൽ നിന്നും നീക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. നടപടിയ്ക്ക് ‘അമ്മ’ സംഘടന പ്രസിഡന്റ് ആയ മോഹൻ ലാൽ വാക്കാൽ സമ്മതം നൽകിയിട്ടുണ്ടെന്നാണ് വിവരം.
വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകൾ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ വിശദീകരണത്തിനായി നടൻ ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
അതേസമയം ബലാത്സംഗക്കേസിൽ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് കണ്ടെടുത്തിരുന്നു. നടൻ പരാതിക്കാരിയായ നടിയ്ക്കൊപ്പം ആഡംബര ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തത്.സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്തെ വിവിധ ഫ്ളാറ്റുകളിൽ വെച്ചാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവതി ആരോപിക്കുന്നത്.
Comments