ഭോപ്പാൽ: പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ് യുവാവ്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. നിലവിൽ ഛത്തർപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.
ഏപ്രിൽ 27ന് രാത്രി ഖജുരാഹോ – മഹോബ സ്റ്റേഷനുകൾക്കിടയിലുള്ള പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. പീഡനശ്രമത്തെ എതിർത്തതിനെത്തുടർന്ന് യുവതിയെ പ്രതി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജബൽപൂരിലെ ഗവൺമെന്റ് റെയിൽവേ പോലീസ് സൂപ്രണ്ട് വിനായക് വർമ പറഞ്ഞു.
മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിക്കാനെത്തിയതാണ് യുവതി. ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിയാണ് യുവതി. സംഭവത്തിന് ശേഷം ഖജുരാഹോ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 30 വയസ്സിനോട് അടുത്ത് പ്രായമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറയുന്നു.
Comments