ബംഗളൂരു : കശ്മീരി പണ്ഡിറ്റുകളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള തീരുമാനവുമായി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനം. ദക്ഷിണ കന്നഡയിലെ പുട്ടൂരിലുള്ള അംബിക മഹാവിദ്യാലയയാണ് കശ്മീരി പണ്ഡിറ്റുകളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വ്യക്തമാക്കിയത്. ആറാം ക്ലാസ് മുതൽ ബിരുദ പഠനം വരെയാണ് സൗജന്യവിദ്യാഭ്യാസം നൽകുക.
ദി കശ്മീർ ഫയൽസ് എന്ന സിനിമ കണ്ടതിന് പിന്നാലെ അംബിക മഹാവിദ്യാലയത്തിന്റെ കൺവീനർ സുബ്രമഹ്ണ്യ നട്ടോജ് ജമ്മു കശ്മീരിലെത്തി കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള വിദ്യാർത്ഥിയ്ക്കും അംബിക മഹാവിദ്യാലയത്തിൽ പഠനം ആരംഭിക്കാം. ഇവർക്കായി പ്രത്യേക ഹോസ്റ്റൽ സൗകര്യം ഒരുക്കും. ഇതും സൗജന്യമാണ്. നാല് കശ്മീരി പണ്ഡിറ്റ് വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അംബിക മഹാവിദ്യാലയത്തിൽ ഒരു വർഷം 80,000 രൂപവരെയാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടിവരുക. മറ്റ് സൗകര്യങ്ങൾക്കായി 50,000 രൂപ പിന്നെയും നൽകണം. ഈ സൗകര്യങ്ങളും വിദ്യാഭ്യാസവും കശ്മീരി പണ്ഡിറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നതിൽ സന്തോഷമുണ്ടെന്നും നട്ടോജ് കൂട്ടിച്ചേർത്തു.
Comments