കാംഗ്ര: ഹിമാചൽ പ്രദേശ് നിയമസഭയ്ക്ക് പുറത്ത് ഖാലിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 153 എ, 153 ബി ഹിമാചൽ പ്രദേശ് ഓപ്പൺ പ്ലെയ്‌സസ് ആക്ടിലെ സെക്ഷൻ 3 വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. നിയമസഭാ കോംപ്ലെക്‌സിന്റെ പ്രധാന ഗേറ്റിലും മതിലിലും ഖാലിസ്ഥാനി പതാകകൾ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റീസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ് സംഭവത്തിലെ പ്രധാന പ്രതിയെന്ന് പോലീസ് പറഞ്ഞു. യുഎപിഎ നിയമത്തിലെ സെക്ഷൻ 13 ഉം എഫ്‌ഐആറിൽ ചേർക്കുമെന്നും പോലീസ് വ്യക്തമാക്കി.
സംസ്ഥാന അതിർത്തികളിൽ കർശന പരിശോധന നടത്താനും പ്രതികൾ ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ പരിശോധന നടത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും ഒരിക്കലും ക്ഷമിക്കാനാകില്ലെന്നും മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ട്വിറ്ററിൽ പ്രതികരിച്ചു.
സംഭവത്തിൽ ഉടനടി അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധൈര്യമുളളവരാണെങ്കിൽ പകൽവെളിച്ചത്തിലാണ് വരേണ്ടതെന്നും അല്ലാതെ ഇരുട്ടിന്റെ മറപറ്റിയല്ല ഇത്തരം പ്രവൃത്തികൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ചില ശക്തികളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും അവരെ വെറുതെ വിടില്ലെന്നും പിന്നീട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ച പുലർച്ചെയോ ആണ് കൊടികൾ കെട്ടിയതെന്ന് കാംഗ്ര എസ്പി കൗശൽ ശർമ്മ പറഞ്ഞു. പഞ്ചാബിൽ നിന്ന് വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തിയവരാണ് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.















