വാഷിംഗ്ടൺ: ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിൽ നിന്ന് സബ്‌ക്രൈബേഴ്‌സ് കൂട്ടത്തോടെ പിൻമാറുന്നു. പത്ത് വർഷത്തിനിടയിലെ ആദ്യ അനുഭവമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വാരിക്കരെ കൂട്ടത്തോടെ നഷ്ടപ്പെട്ടതിനെ തുടർന്ന് യുഎസിൽ 150 ഓളം ജീവനക്കാരെ നെറ്റ് ഫ്‌ളിക്‌സ് പിരിച്ചുവിട്ടു.
കാലിഫോർണിയ ഓഫീസിൽ ജോലി ചെയ്തിരുന്നവരാണ് ജോലി നഷ്ടമായവരിൽ അധികവും. എന്നാൽ ഏതൊക്കെ ഡിപ്പാർട്ട്‌മെന്റുകളിലാണ് പ്രധാനമായും നടപടി ബാധിച്ചിട്ടുളളതെന്ന വിവരം പുറത്ത് വന്നിട്ടില്ല. റിക്രൂട്ടിംഗ്, കമ്മ്യൂണിക്കേഷൻ, കണ്ടെന്റ് ഡിപ്പാർട്ട്മെന്റുകളെ ബാധിച്ചതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്ട്രീമിംഗ് സർവേ അനുസരിച്ച് 2022 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രണ്ട് ലക്ഷം വാരിക്കാരെയാണ് നഷ്ടപ്പെട്ടത്. കൂടാതെ അടുത്ത മൂന്ന് മാസത്തിനുളളിൽ രണ്ട് ദശലക്ഷം വാരിക്കാരെക്കൂടി നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്നും നെറ്റ്ഫ്ളിക്സിന് മുന്നറിയിപ്പുണ്ട്. ഇത് മുൻനിർത്തിയാണ് നടപടിയെന്നാണ് വിവരം.
റിപ്പോർട്ടുകളെ തുടർന്ന് നെറ്റ്ഫ്‌ളിക്‌സിലെ നിക്ഷേപകർ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങുന്നതായും വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഓഹരിവിലയിൽ ഒറ്റ ദിവസം കൊണ്ട് 35 ശതമാനത്തോളം ഇടിവുമുണ്ടായി.
220 മില്യൻ സബ്‌സ്‌ക്രൈബേഴ്‌സുമായി മാർക്കറ്റ് ലീഡറാണ് നെറ്റ് ഫ്‌ളിക്‌സ് ഇപ്പോഴും. ഡിസ്‌നി പ്ലസ്, എച്ച്ബിഒ, ആമസോൺ പ്രൈം തുടങ്ങിയ എതിരാളികൾ കരുത്തരായതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പ്രതാപത്തിന് ഇടിവ് തട്ടിയത്. യുഎസിൽ നിരക്കുയർത്താൻ ശ്രമിച്ചതും യുക്രെയ്ൻ യുദ്ധവുമൊക്കെ തിരിച്ചടിയായെന്നാണ് നെറ്റ് ഫ്‌ളിക്‌സിന്റെ വിലയിരുത്തൽ.















