ന്യൂഡൽഹി: 1947ലെ വിഭജന സമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 75 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. 75 വർഷം പാകിസ്താനിൽ ജീവിച്ച മുംതാസ് ബീവിയാണ് സഹോദരന്മാരെ കാണാനായെത്തിയത്. പാകിസ്താനിലെ കർതാർപൂർ ഇടനാഴി സഹോദരങ്ങളെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ആ കാഴ്‌ച്ച എല്ലാവരേയും സന്തോഷ കണ്ണീരിലാഴ്‌ത്തി. പട്യാലയിലെ സിഖ് കുടുംബത്തിലാണ് മുംതാസ് ബീവി ജനിച്ചത്. വിഭജന സമയത്താണ് പാകിസ്താനിലെത്തുന്നത്.
മൂന്ന് ജ്യേഷ്ഠന്മാരാണ് മുംതാസിനുള്ളത്. അന്നുണ്ടായ കാലാപത്തിൽ കൊല്ലപ്പെട്ട അമ്മയ്‌ക്ക് സമീപം ഇരുന്ന് കരയുന്ന ഒരു കൈക്കുഞ്ഞിനെ ദമ്പതികൾ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ദമ്പതികൾ എടുത്ത് വളർത്തുകയും ചെയ്തു. മുഹമ്മദ് ഇഖ്ബാലും രാഖിയുമാണ് മുംതാസ് ബീവിയെ എടുത്ത് വളർത്തിയത്.
ഇത്രയും വർഷ കാലയളവിൽ ഒരിക്കൽ പോലും ഈ വിവരം അവർ മുംതാസിനോട് പറഞ്ഞിരുന്നില്ല. രണ്ട് വർഷം മുൻപ് ഇക്ബാലിന്റെ ആരോഗ്യം മോശമായി തുടങ്ങിയപ്പോഴാണ് ഇക്കാര്യങ്ങൾ മുംതാസിനോട് പറയുന്നത്. പിന്നാലെ ഇക്ബാൽ മരിക്കുകയും ചെയ്തു. ഇക്ബാലിന്റെ മരണ ശേഷം മുംതാസിന്റെ മകൻ ഷഹബാസ് സോഷ്യൽ മീഡിയയിൽ മുംതാസിന്റെ സഹോദരനെ അന്വേഷിച്ച് പോസ്റ്റുമിട്ടു.
സോഷ്യൽ മീഡിയ വഴി നടത്തിയ അന്വേഷണത്തിൽ മുംതാസിന്റെ കുടുംബ വീട് പട്യാലയിലാണെന്ന് കണ്ടെത്തി. പിന്നാലെ സഹോദരങ്ങൾ കർതാർപുർ ഇടനാഴിയിലൂടെ ദർബാർ സാഹിബ് ഗുരുദ്വാരയിൽ നിന്ന് ഗുരുദാസ്പുരിയിലെ ദേരാ ബാബാ നാനാക് ദേവാലയത്തിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗുർമീത് സിംഗ്, അമരീന്ദർ സിംഗ്, നരേന്ദ്രസിംഗ് എന്നിവരാണ് മുംതാസിന്റെ സഹോദരങ്ങൾ. സിഖ് മതവിശ്വാസികളായവർക്ക് വിസയില്ലാതെ തന്നെ ഈ ഇടനാഴിയിലൂടെ രണ്ട് ഗുരുദ്വാരയിലേക്കും യാത്ര ചെയ്യാനാകും.
ഇന്ത്യയിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാടന കേന്ദ്രത്തെ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി 2019ലാണ് തുറക്കുന്നത്. ഇത് യാഥാർത്ഥ്യമായതോടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കർതാർപൂർ വരെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് വിസ രഹിത യാത്ര സുഗമമായി. ഈ ഇടനാഴി തുറന്നതിന് മുംതാസും സഹോദരങ്ങളും ഇരുരാജ്യങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.















