പനാജി: മോഷണ ശേഷം വീടുകളിൽ കുറിപ്പെഴുതി വയ്ക്കുന്ന കള്ളന്മാരെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ നാം കേട്ടിരിക്കും. കട്ടെടുത്ത സാധനങ്ങൾക്ക് നന്ദിയോ അല്ലെങ്കിൽ മോഷണങ്ങൾക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങളോ ആകാം ഭൂരിഭാഗം കുറിപ്പുകളുടെയും സാരാംശം. കള്ളന്മാരുടെ ഇത്തരം പ്രവൃത്തികൾ ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. എന്നാൽ കള്ളന്മാർ മോഷണത്തിന് ശേഷം വീട്ടുടമയ്ക്ക് നൽകിയ വ്യത്യസ്തമായ കുറിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ആണ് ഇപ്പോൾ മുഖ്യധാര മാദ്ധ്യമങ്ങളിലും, സമൂഹമാദ്ധ്യമങ്ങളിലും നിറയുന്നത്.
ഗോവയിലെ മാർഗോ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആസിബ് എന്നയാളുടെ ബംഗ്ലാവിലാണ് മോഷണം നടന്നത്. ബംഗ്ലാവിൽ നിന്നും 20 ലക്ഷം രൂപയുടെ ആഭരണങ്ങളും, ഒന്നര ലക്ഷം രൂപയുമാണ് കള്ളന്മാർ മോഷ്ടിച്ചത്. രണ്ട് ദിവസത്തെ വിനോദയാത്ര കഴിഞ്ഞ് എത്തിയപ്പോഴായിരുന്നു മോഷണ വിവരം ആസിബ് അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിച്ചു. ഇതിന് ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് മാർക്കർകൊണ്ട് എഴുതിയ കള്ളന്മാരുടെ കുറിപ്പ് ലഭിച്ചത്.
ഉടമയോടുള്ള ഇഷ്ടം വെളിവാക്കുന്നതായിരുന്നു കുറിപ്പ്. ഹാളിലെ ടിവിയുടെ ഗ്ലാസിൽ നിങ്ങളെ എനിക്ക് ഇഷ്ടമാണ് (ഐ ലവ് യൂ) എന്നായിരുന്നു എഴുതിയിരുന്നത്. ഇത് കണ്ട ആസിബിനൊപ്പം പോലീസുകാരും ഞെട്ടി. സംഭവത്തിൽ ആസിബിന്റെ പരാതിയിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Comments