ഗാസിയാബാദിൽ പോലീസുമായുളള ഏറ്റമുട്ടലിനിടെയുണ്ടായ വെടിവയ്പിനിടെ രണ്ട് ക്രിമിനലുകൾ കൊല്ലപ്പെട്ടു. ഗൗതം ബുദ്ധ് നഗറിലെ ദുജാന ഗ്രാമത്തിലെ താമസക്കാരായ ബില്ലു എന്ന അവ്നീഷ്, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. ബില്ലുവിന്റെയും രാകേഷിന്റെയും തലയ്‌ക്ക് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഇന്ദിരാപുരം മേഖലയിൽ ഒരു ബൈക്ക് യാത്രികൻ സംശയാസ്പദമായി പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും കമ്പിവേലിയിൽ ഇടിക്കുകയും ചെയ്തതാണ് ആദ്യ സംഭവം. തുടർന്ന് പ്രതികൾ വെടിയുതിർക്കുകയും ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. പോലീസ് തിരിച്ചടിക്കുകയും ബില്ലുവിന് മാരകമായ പരിക്കേൽക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ മധുബൻ ബാപുധാം മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് തങ്ങളെ രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. സ്വയം പ്രതിരോധത്തിനായി ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും രാകേഷിനെ വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. പ്രതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
പശ്ചിമ യുപിയിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധ അനിൽ ദുജാന സംഘത്തിലെ അംഗമാണ് ബില്ലു. ഇയാൾ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കഴിഞ്ഞ മാസം വേവ് സിറ്റിയിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ ബില്ലുവിനെ പോലീസ് തിരഞ്ഞിരുന്നു.
Comments