തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ എൻ.ഫൈസലിനെ(20) ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് വിൽപ്പന നടത്താൻ വേണ്ടിയാണ് ഫൈസൽ വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ പ്രദേശത്ത് കഞ്ചാവ് വിൽക്കുന്ന യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്. പ്രധാനമായും കോളേജ് വിദ്യാർഥികളാണ് ഇവരുടെ ഇര. കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളിൽ ഏർപ്പെടുന്നതും പതിവായിരുന്നു.
ഇത് തടയുന്നതിനുവേണ്ടി സമീപദിവസങ്ങളിൽ നാട്ടുകാർ സംഘടിച്ച് റസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ച് എക്സൈസിനും പോലീസിനും പരാതികൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.
Comments