കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും യുവ മോഡൽ ആത്മഹത്യ ചെയ്തു. കൊൽക്കത്ത സ്വദേശി സരസ്വതി ദാസിനെ(18) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായിരുന്നു സരസ്വതി.
മോഡലിംഗ് രംഗത്ത് വളർന്നുവരുന്ന താരമായിരുന്ന സരസ്വതിയെ കസ്ബ ബേഡിയാഡങ്കയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും അമ്മായിയും ജോലിക്കു പോയതിന് ശേഷം രാത്രിയിലാണ് സരസ്വതി ജീവനൊടുക്കിയത്. മുത്തശ്ശിയാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സമൂഹമാദ്ധ്യമ ഇടപെടലുകൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. പിതാവ് ഉപേക്ഷിച്ചു പോയതിനാൽ സരസ്വതിയെ അമ്മയും അമ്മായിയുമാണ് നോക്കി വളർത്തിയത്.
കൊൽക്കത്തയിൽ രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലാണ് ആത്മഹത്യ ചെയ്യുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് നടന്നിരുന്നു. മോഡലായ മഞ്ജുഷ നിയോഗിയെ കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഞ്ജുഷയുടെ സുഹൃത്തും നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിനെ മെയ് 25ന് നഗേർബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേയ് 15ന് ബംഗാളി നടി പല്ലവി ഡേയെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Comments