ജയ്പ്പൂർ : ഡ്രോൺ വഴി പാകിസ്താൻ ഇറക്കിയ മയക്കുമരുന്ന് ബിഎസ്എഫ് പിടിച്ചെടുത്തു.രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് പാകിസ്താൻ മൂന്ന് കിലോയിലധികം മയക്കുമരുന്ന് ഇറക്കിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി അതിർത്തി രക്ഷാ സേന അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ ചിലർ ഡ്രോൺ പറത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബിഎസ്എഫിനെ വിവരം അറിയിച്ചു.ഉടൻ സേന പ്രദേശത്ത് എത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളായ നിർമ്മൽ സിംഗ്, രവീന്ദ്ര സിംഗ്, ജസ്പ്രീത്, ലവ്പ്രീത് എന്നിവരെ ചോദ്യം ചെയ്തു വരികയാണ് .പ്രതികളിൽ ഒരാൾ പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഡ്രോൺ വഴി ഇറക്കിയ മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയതായിരുന്നു.
ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 3.6 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ നാല് പാക്കറ്റുകൾ കണ്ടെടുത്തു.നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഒരു സംഘം അന്വേഷണത്തിനായി എത്തിയിട്ടുണ്ടെന്ന് ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കി.
Comments