ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയുടെയും ഊര്‍ജ്ജക്ഷാമത്തിന്റെയും പശ്ചത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാകിസ്താന്‍ സര്‍ക്കാര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി ഇന്ധന ക്ഷാമം മൂലം സര്‍ക്കാര്‍ ഉപേക്ഷിച്ചു.
സര്‍ക്കാര്‍ പുതിയ വാഹനങ്ങളും വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അനുവദിച്ചിരുന്ന ഇന്ധനത്തിന്റെ അളവ് 40% കുറച്ചു. സർക്കാർ ഓഫീസുകളിലെ വിരുന്നും ഹൈ ടീയുമൊക്കെ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും.
തെരുവ് വിളക്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം പ്രകാശിപ്പിക്കാനുള്ള ആലോചനയിലാണ് അധികാരികള്‍. ഏപ്രിലില്‍ അവസാനിച്ച 10 മാസ കാലയളവില്‍, രാജ്യത്തെ ഇന്ധന ഇറക്കുമതി ഇരട്ടിക്കുകയും കയറ്റുമതി കുറയുകയും ചെയ്തു. രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമായ വസ്ത്ര വ്യാപര കയറ്റുമതി മേഖലയ്‌ക്കും ഊര്‍ജ്ജനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്റെ കയറ്റുമതിയിലെ പകുതിയോളം വരുമാനം വസ്ത്രവ്യാപാര മേഖലയിൽ നിന്നാണ്.
രാജ്യത്ത് ഇപ്പോള്‍ 21,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.എന്നാല്‍ 28,400 മെഗാവാട്ടാണ് ആവശ്യമുള്ളത്. ലോകം യുക്രെയ്ന്‍ പ്രതിസന്ധിയില്‍ വലയുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി പൗരന്‍മാരോട് പറഞ്ഞു. രാജ്യം അസാധരണമായ സന്ദര്‍ഭത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇന്‍ഫോര്‍മേഷന്‍ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.















