ന്യൂഡൽഹി: കള്ളപ്പണക്കേസിൽ രാഹുൽ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും കർശന നടപടി നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ വിനിമയവുമായി ബന്ധപ്പെട്ട് ഗുരുതരമായ കുറ്റകൃത്യമാണ് ഇവർ ചെയ്തിരിക്കുന്നത്. ഡോടെക്സ് കമ്പനിയുടെ അക്കൗണ്ട് വിവരങ്ങളിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ശക്തമാണ്. നിലവിൽ വരുന്ന സമയത്ത് 5 ലക്ഷം രൂപയുടെ ഷെയർ മാത്രമുണ്ടായിരുന്ന യംഗ് ഇന്ത്യയാണ് കോൺഗ്രസിന് 50 ലക്ഷം രൂപ നൽകിയത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോടെക്സ് കമ്പനിയിൽ നിന്നും അനധികൃതമായി 1 കോടി രൂപ വായ്പ സ്വീകരിച്ചാണ് അവർ കോൺഗ്രസിന് 50 ലക്ഷം നൽകിയത്. ലോൺ എന്ന് പറയപ്പെടുന്ന ഈ തുക, ഡോടെക്സ് കമ്പനിയുടെ അക്കൗണ്ടുകൾ പ്രകാരം സംഭാവനയാണ് എന്നാണ് കാണിക്കുന്നത്. സുബ്രഹ്മണ്യൻ സ്വാമി വിശദീകരിക്കുന്നു.
പലിശയോ, നിക്ഷേപമോ, മതിയായ ഈടോ ഇല്ലാതെ അവർ എങ്ങനെയാണ് കോൺഗ്രസിന് 50 ലക്ഷം നൽകുക? ആദ്യ പരാതിയിൽ ഇഡി അന്വേഷണം നടത്തിയപ്പോൾ, വിദേശ കറൻസിക്ക് പകരം തുക നൽകി എന്ന മറുപടിയാണ് ബന്ധപ്പെട്ടവർ നൽകിയത്. അങ്ങനെയാണ് കാര്യമെങ്കിൽ, നടന്നിരിക്കുന്നത് വലിയ വിദേശ കറൻസി കുംഭകോണമാണ്. സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
കോൺഗ്രസിന് മറ്റ് വഴികളില്ല. രാജ്യത്ത് നിലനിൽക്കുന്ന നിയമ പ്രകാരം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും 7 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കാരണം, അവരാണ് യംഗ് ഇന്ത്യൻ കമ്പനിയുടെ പ്രധാന ഓഹരി പങ്കാളികൾ. സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
Comments