ഡൽഹി: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി. ഡൽഹിയിലെ വസതിയിലെത്തിയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ബംഗാൾ മുഖ്യമന്തിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി കൂടിക്കാഴ്ച നടത്തിയത്. വരാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു മമതാ ബാനർജി. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെ പറ്റിയാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് മത്സരിക്കാൻ താനില്ല എന്ന് ശരദ് പവാർ ഇന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് മമതാ ബാനർജിയുടെ സന്ദർശനം. പ്രതിപക്ഷത്തിന്റെ സർവ്വകക്ഷിയോഗം മമത നാളെ വിളിച്ചുകൂട്ടാനിരിക്കേയാണ് എല്ലാവരേയും നിരാശരാക്കി ശരദ് പവാറിന്റെ പ്രഖ്യാപനം. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശരദ്പവാറിനെ കണ്ട് രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ചത്. എന്നാൽ ഏറെക്കുറെ ഉറപ്പിച്ച സ്ഥാനാർത്ഥിയാണെന്നിരിക്കേ പ്രതിപക്ഷത്തെ കടുത്ത നിരാശയിലാക്കിയാണ് ശരദ് പവാർ വിസമ്മതം അറിയിച്ചത്.കോൺഗ്രസിലെ 23 നേതാക്കളുടെ പട്ടികയിലെ നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കുന്നത് നല്ലതാണെന്ന നിർദ്ദേശമാണ് ശരദ് പവാർ മുന്നോട്ട് വെച്ചത്. പവാർ പിന്മാറിയതോടെ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിർദ്ദേശിച്ചു.
പ്രതിപക്ഷത്തിന്റെ സർവ്വകക്ഷിയോഗം മമത നാളെ നടക്കും. നാളെ നടക്കുന്ന യോഗത്തിൽ സോണിയയും രാഹുലും പങ്കെടുക്കില്ലെന്നും പകരം മല്ലികാർജ്ജുന ഗാർഘെ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷ സഖ്യത്തിന്റെ സ്വയം പ്രഖ്യാപിത നേതാവായി മമതാ ബാനർജി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തിന് കനത്ത തിരിച്ചടിയാണ് ശരദ് പവാറിന്റെ പിന്മാറ്റം.
Comments