ന്യൂഡൽഹി:രാജ്യത്തെ അക്രമങ്ങൾ എല്ലാ നല്ല ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കാനുദ്ദേശിച്ചു കൊണ്ടുള്ളതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും എല്ലാത്തിലും രാഷ്ട്രീയ നിറം ചാർത്തുന്ന ഈ പ്രവണതകൾ നമ്മുടെ നാടിന്റെ മാത്രം ദുര്യോഗമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അപലപിച്ചു. അഗ്നിപഥ് വിഷയത്തെ യുവാക്കൾക്കിടയിൽ തെറ്റിദ്ധാരണയോടെ പ്രചരിപ്പിച്ച് അക്രമത്തിലേയ്ക്ക് നയിക്കപ്പെട്ടതിനെ പേരെടുത്ത് പറയാതെയാണ് നരേന്ദ്രമോദി വിഷയം ഉന്നയിച്ചത്. ന്യൂഡൽഹി പ്രഗതി മൈതാനിലെ ഇടനാഴിയും സാംസ്കാരിക മതിലും പ്രതിരോധ വകുപ്പിന്റെ കെട്ടിട സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
അഗ്നിപഥിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ഏറെ വേദനയോടെയാണ് നരേന്ദ്രമോദി വിമർശിച്ചത്. ഇത് നമ്മുടെ നാടിന്റെ മാത്രം നിർഭാഗ്യമാണ്. എന്ത് നല്ലകാര്യം നല്ല ഉദ്ദേശ്യശുദ്ധിയോടെ നടപ്പാക്കിയാലും എല്ലാത്തിലും രാഷ്ട്രീയ നിറം ചാർത്തപ്പെടുന്നു.
കേന്ദ്രസർക്കാർ ഡൽഹിയുടെ വികസനത്തിനായി നിരവധി കാര്യങ്ങളാണ് ചെയ്തത്. മെട്രോ സേവനം 194 കിലോമീറ്ററിൽ നിന്ന് 400 കിലോമീറ്ററിലേയ്ക്കാണ് വർദ്ധിപ്പിച്ചത്. ഇതിനൊ പ്പമാണ് ഡൽഹിയുടെ മുഖഛായ മാറ്റുന്ന മറ്റ് നിർമ്മാണങ്ങൾ നടക്കുന്നത്. പതിറ്റാണ്ടുകളായി ഒരേ മുഖച്ഛായയിൽ നിന്നിരുന്ന പ്രഗതി മൈതാനത്തിന് ആധുനിക മുഖമാണ് കൈവന്നിരിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ എല്ലാ സാംസ്കാരിക തനിമയും വെളിപ്പെടുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Comments