തിരുവനന്തപുരം: ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യ ഉൾപ്പെടെ യോഗ ദിനം ആചരിക്കുന്നുവെന്നത് പ്രസക്തമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശമായി ലോകം യോഗയെ അംഗീകരിച്ചു കഴിഞ്ഞുവെന്നും രാജ്യങ്ങളെ കോർത്തിണക്കുന്ന സന്ദേശം യോഗ ദിനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർഗീയത, ഭീകരവാദം, മയക്കുമരുന്ന് എന്നിവ വ്യാപിക്കുന്ന ഇക്കാലത്ത് യോഗ ഒരു അനുഗ്രഹമാണ്. കേരളത്തിൽ ഇത്തരം വിഷയങ്ങൾ വ്യാപിക്കുമ്പോൾ യോഗയുടെ പ്രാധാന്യം സർക്കാർ തിരിച്ചറിയുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിൽ പഠന വിഷയമായി യോഗയെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യവ്യാപകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂർ പാലസിൽ സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള 12,000-ത്തോളം പേരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
യോഗ പ്രപഞ്ചത്തിന് മുഴുവൻ സമാധാനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മിലുള്ള എല്ലാതിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാൻ യോഗ സഹായിക്കുമെന്നും അവബോധം വളർത്തുമെന്നും അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Comments