ലക്നൗ: അന്താരാഷ്ട്ര യോഗ ദിനത്തിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയത്. ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ സമ്മാനമാണ് യോഗയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, യോഗയെ ലോകത്തിനാകമാനം പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചുവെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ലോകത്തിനാകമാനം ഭാരത്തിന്റെ യോഗ സമ്മാനിച്ചത് പ്രധാനമന്ത്രിയാണ്. അദ്ദേഹത്തോട് നാം എല്ലാവരും നന്ദി ഉള്ളവരാണെന്നും അദ്ദേഹം കുറിച്ചു. എട്ടാമത് അന്താരാഷ്ട്ര ദിനത്തിൽ ലോകമെമ്പാടുമുള്ള ഇരുന്നൂറിലധികം രാജ്യങ്ങൾ നമ്മുടെ ഋഷി പാരമ്പര്യത്തിനും പൈതൃകത്തിനും നന്ദി പ്രകടിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ മൈസൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടന്ന യോഗ പ്രകടനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേരാണ് രാവിലെ ആറരയോടെ പരിപാടിയിൽ പങ്കെടുത്തത്. മൈസൂർ മഹാരാജാവും മഹാറാണിയും പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
Comments