തിരുവനന്തപുരം : തിരുവല്ലത്ത് പാമ്പ് ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടുത്തെ വീടുകളിലെ പറമ്പിൽ നിന്നും പിടികൂടിയത് 13 മൂർഖൻ കുഞ്ഞുങ്ങളെയാണ്. വീടുകളിലും സമീപ സ്ഥാപനങ്ങളിലും മൂർഖൻ പാമ്പുകളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയും പകലും വീടുകളിലേക്ക് പാമ്പിൻ കുഞ്ഞുങ്ങൾ കയറി വരുന്നുവെന്നാണ് പരാതി.
ഇവിടെ നേരത്തെ ഉണ്ടായിരുന്ന സബ് രജിസ്ട്രാർ കെട്ടിടം പുനർനിർമ്മിക്കുന്നതിനായി പൊളിച്ച് മാറ്റിയിരുന്നു. ഈ സ്ഥലം ഇപ്പോൾ വാസയോഗ്യമല്ലാതെ കിടക്കുകയാണ്. സമീപ പ്രദേശത്ത് നിരവധി പാമ്പുകളെയാണ് കണ്ടെത്തിയത്.
തിരുവല്ലത്തെ ഓട്ടോഡ്രൈവറായ യുവാവാണ് പാമ്പുകളെ പിടികൂടുന്നത്. ഇവയെ പൂജപ്പുരയിലെ പഞ്ചകർമ ആശുപത്രി അധികൃതർക്ക് കൈമാറി. പ്രദേശത്ത് കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ വെട്ടിത്തെളിക്കണമെന്നും എന്നാൽ മാത്രമേ പാമ്പുകളുടെ ശല്യം അവസാനിക്കൂവെന്നും നാട്ടുകാർ പറയുന്നു.
Comments