മിറാജ്: ബിജെപി എംഎല്‍എ സുരേഷ് ഖണ്ഡെയുടെ ഓഫീസിനു നേരെ ആക്രമണം. ശിവസേന പാര്‍ട്ടിപ്രവര്‍ത്തകരാണ് സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലെ ഓഫീസ് ആക്രമിച്ചത്. കല്ലുകളും തണ്ണിമത്തനുകളും പ്രതിഷേധക്കാര്‍ ഓഫീസിനു നേരെ എറിഞ്ഞു. ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ പോലീസ് എത്തിയാണ് ഓഫീസിന് മുന്‍പില്‍ തടിച്ചുകൂടിയ ജനത്തെ പിരിച്ചുവിട്ടത്. ഏഴ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മഹാരാഷ്‌ട്ര എം എല്‍ സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത പരാജയത്തോടെ ഭരണകക്ഷിയായ മഹാ വികാസ് അഖാഡിയില്‍ ഉടലെടുത്ത രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍. ശിവസേന ബിജെപിയുമായുള്ള ബന്ധം പുതുക്കണമെന്ന ആവശ്യവുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികും രംഗത്ത് എത്തിയിട്ടുണ്ട്. ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്‌ട്രീയപരമായി രണ്ട് വശങ്ങളിലാണെങ്കിലും, അതിലെ നേതാക്കള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഈ ബന്ധത്തെ പരമാവധി പ്രയോജനപ്പെടുത്തി ഇരുകൂട്ടരും പഴയത് പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍നായിക് പറഞ്ഞു.
എന്നാല്‍ തങ്ങള്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വമാണ് പിന്തുടരുന്നതെന്നും തനിക്ക് 40 പേരുടെ പിന്തുണയുണ്ടെന്നും ശിവസേന മന്ത്രി കൂടിയായ ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കി. ഷിന്‍ഡെയുടെ നേതൃത്തിലുള്ള വിമത എംഎല്‍എമാര്‍ സൂറത്തില്‍ നിന്നും അസമിലെ ഗുവാഹത്തിയില്‍ എത്തി.















